image

ബ്രാന്‍ഡിനെ വളര്‍ത്താം വേഗത്തില്‍

ഇത് ഡിജിറ്റല്‍ മീഡിയയുടെ കാലമാണ്. ഇന്റര്‍നെറ്റിന്റെ വ്യാപനത്തോടെ, കൂടുതല്‍ ആഴത്തില്‍ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലാന്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കഴിഞ്ഞിട്ടുണ്ട്. ഇതില്‍ നിര്‍ണായകമായ പങ്കുവഹിക്കുന്ന ഒന്നാണ് സോഷ്യല്‍ മീഡിയ.


കണക്കുകള്‍ പ്രകാരം കേരളത്തിലെ മൊത്തം ജനസംഖ്യയുടെ ഏകദേശം 70 ശതമാനത്തോളംപേര്‍ ഡിജിറ്റല്‍ സാക്ഷരത നേടിയവരാണ്. ഇവരില്‍ ഭൂരിഭാഗം പേരും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരും. ശരാശരി കണക്കനുസരിച്ച്, ഫേസ്ബുക്കും ട്വിറ്ററും ലിങ്ക്ഡ് ഇന്നും ഇന്‍സ്റ്റഗ്രാമും ഉള്‍പ്പെടുന്ന സോഷ്യല്‍ മീഡിയയില്‍ ഇന്നത്തെ യുവത്വം ദിവസം മൂന്നു മുതല്‍ നാല് മണിക്കൂര്‍ വരെ ചെലവഴിക്കുന്നുണ്ട്. ഇത്തരക്കാരുടെ ഇടയിലേക്കാണ് സോഷ്യല്‍ മീഡിയ ബ്രാന്‍ഡിംഗ് എന്ന ലക്ഷ്യത്തോടെ സ്ഥാപനങ്ങള്‍ ഇറങ്ങി ചെല്ലേണ്ടത്.


എന്തുകൊണ്ട് സോഷ്യല്‍ മീഡിയ ഐഡന്റിറ്റി ?

ഒരു കാലത്ത് മാര്‍ക്കറ്റിംഗ് രംഗം അടക്കിവാണിരുന്ന റേഡിയോ, പ്രിന്റ് മാധ്യമങ്ങള്‍ ഇന്ന് സോഷ്യല്‍മീഡിയ മാര്‍ക്കറ്റിംഗിലേക്ക് വഴിമാറിക്കൊണ്ടിരിക്കുകയാണ്. ടെക്‌നോളജിയുടെ വളര്‍ച്ചയാണ് ഇതിനു പിന്നിലെ പ്രധാന കാരണം. സോഷ്യല്‍ മീഡിയ ബ്രാന്‍ഡിംഗ് യഥാര്‍ത്ഥത്തില്‍ ഒരു ഇന്‍ഡയറക്റ്റ് ബ്രാന്‍ഡിംഗ് ആണ്. റേഡിയോ ടിവി പരസ്യങ്ങളെ പോലെ പരസ്യങ്ങള്‍ കാണാനോ കേള്‍ക്കാനോ സോഷ്യല്‍ മീഡിയ ഉപഭോക്താക്കളെ നിര്‍ബന്ധിക്കുന്നില്ല. പരസ്യങ്ങള്‍, കണ്ടന്റ് മാര്‍ക്കറ്റിംഗ് എന്നിവ സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗിന്റെ ഭാഗമാണ്.